കുഞ്ഞുങ്ങൾക്ക് എന്തെല്ലാം ഭക്ഷണം കൊടുക്കാം ? ഏതെല്ലാം ഭക്ഷണംകൊടുക്കരുത് ?

ജനനം മുതൽ ആറുമാസം വരെ കുട്ടികൾക്ക് മുലപ്പാൽ മാത്രമേ നൽകാവൂ. ജനിച്ച ഉടനെ കുഞ്ഞിന് മുലപ്പാൽ നൽകുന്നത് വളരെ പ്രാധാന്യമർഹിക്കുന്നു. കുഞ്ഞു ജനിച്ച ഉടനെയുള്ള അമ്മയുടെ മുലപ്പാൽ “കൊളസ്ട്രം” എന്നറിയപ്പെടുന്നു. ഏറ്റവും കൂടുതൽ ബീറ്റാകരോട്ടിൻ അടങ്ങിയതിനാൽ ഇത് കുട്ടികളുടെ ആരോഗ്യത്തിന് അതിപ്രധാനമാണ്. കുട്ടികളുടെ രോഗ പ്രതിരോധ ശക്തി കൂട്ടാനും ശരീരത്തിലെ മറ്റു പ്രവർത്തനങ്ങൾക്കും ഇത് ആവശ്യമാണ്. ആറുമാസം വരെ അമ്മയുടെ മുലപ്പാൽ മാത്രമേ കൊടുക്കേണ്ടതുള്ളു. ആ സമയത്ത് കുഞ്ഞിന് വെള്ളം കൊടുക്കേണ്ടതുണ്ടോ എന്നത് പലരുടെയും സംശയമാണ്. എന്നാൽ ഈ സമയങ്ങളിൽ വെള്ളം കൊടുക്കേണ്ടതില്ല എന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. വെള്ളം കുടിക്കുമ്പോൾ ശരീരത്തിന് മുലപ്പാൽ ആഗിരണം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. പക്ഷേ വെള്ളം കുടിച്ചില്ലെങ്കിലും മുലപ്പാൽ കുഞ്ഞിനെ നിർജലീകരണം വരാതെ സംരക്ഷിക്കുന്നു. കുഞ്ഞിന് ആ പ്രായത്തിൽ ആവശ്യമായ എല്ലാ പോഷകഗുണങ്ങളും മുലപ്പാലിലൂടെ ലഭിക്കുന്നു.

മാത്രമല്ല മുലപ്പാൽ ദഹിപ്പിക്കാനുള്ള ദഹനപ്രക്രിയ മാത്രമേ കുഞ്ഞിനെ ആ സമയത്ത് ഉണ്ടാവുകയുള്ളൂ. ആറുമാസത്തിനുശേഷം കട്ടിയുള്ള കുറുക്കുകൾ ഉണ്ടാക്കി കൊടുക്കാം. റാഗി, സൂചി ഗോതമ്പ്, ഏത്തയ്ക്കാ പൊടി തുടങ്ങിയവ അധികം നേർപ്പിക്കാതെ പനങ്കൽക്കണ്ടം, കരിപ്പെട്ടി, കൽക്കണ്ടം തുടങ്ങിയവ ചേർത്ത് കൊടുക്കാം. പ്രായം കൂടുന്നതിനനുസരിച്ച് ഭക്ഷണത്തിൻറെ അളവ് ക്രമേണ വർദ്ധിപ്പിക്കാം. ഒരു നേരം കൊടുക്കുന്നത് രണ്ടുനേരമോ മൂന്ന് നേരമോ ആക്കി കൂട്ടാം. ഭക്ഷണങ്ങൾ മാറിമാറി കൊടുക്കാൻ ശ്രമിക്കണം. രാവിലെ ഏത്തക്ക പൊടി ആണെങ്കിൽ ഉച്ചക്ക് റാഗിപ്പൊടി എന്ന രീതിയിൽ ആയാൽ കുട്ടികൾക്ക് വായ മടുക്കില്ല.

എട്ടാം മാസം മുതൽ പഴവർഗ്ഗങ്ങളും പച്ചക്കറികളും കൊടുക്കാം. ചെറുതായി അരിഞ്ഞ പഴങ്ങളും പച്ചക്കറികളായ ക്യാരറ്റ്,ഉരുളക്കിഴങ്ങ് മുതലായവ കൊടുക്കാം. ഒരു വയസിനു ശേഷം മാത്രമേ മുട്ട, മത്സ്യം, മാംസം, പശുവിൻപാല് തുടങ്ങിയവ കൊടുക്കാൻ പാടുള്ളു.ഇത്തരം ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ ഉള്ള ദഹന ശേഷി ഒരു വയസിനു ശേഷം മാത്രമേ കുട്ടികൾക്ക് ഉണ്ടാവുന്നുള്ളു. നമ്മൾ എന്ത് ഭക്ഷണം പുതുതായി കൊടുക്കുമ്പോഴും രാവിലെ കൊടുക്കുക. കാരണം എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ രാത്രിയിലിടക്ക് കുട്ടിയിൽ നിന്നു സൂചനകൾ ലഭിക്കും.കഴിച്ച ഭക്ഷണം ഉടനെ ദഹിക്കാതെ ഛർദിക്കുകയോ വയറ്റിൽനിന്നു പോവുകയോ വയറു വേദനയുടെ സൂചനയോ കുട്ടിയിൽ കാണുകയാണെങ്കിൽ ആ ഭക്ഷണം കൊടുക്കാതിരിക്കുക.

ഒരു വയസിനു ശേഷം നമ്മൾ രാവിലെ വീട്ടിലുണ്ടാക്കുന്ന പ്രഭാതഭക്ഷണങ്ങൾ ആയ ദോശ,ഇഡലി, പുട്ട് തുടങ്ങിയവ കുട്ടികൾക്ക് കുറെശേ നൽകി തുടങ്ങാം.മുട്ട പുഴുങ്ങിയും മത്സ്യം വേവിച്ചും നൽകാം. ചോറ് കുറേശ്ശേ കറികൾ ചേർത്ത്‌ സ്വയം കഴിക്കാൻ പരിശീലിപ്പിക്കാം.പിന്നീട് പല മാതാപിതാക്കളും കുഞ്ഞിന്റെ ഭക്ഷണകാര്യം ശ്രദ്ധിക്കുന്നില്ല. കുഞ്ഞിന് രണ്ടുമൂന്ന് വയസ്സ് പ്രായമാകുമ്പോൾ നാം പലവിധ ഭക്ഷണങ്ങളും നൽകുന്നു. നമ്മൾ പുറത്തുനിന്നും കഴിക്കുന്ന എല്ലാവിധ ഭക്ഷണങ്ങളും കുട്ടികളും കഴിക്കുന്നു. പക്ഷേ വളരെ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ചില ഭക്ഷണങ്ങൾ കുഞ്ഞിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

കുഞ്ഞിൻറെ നാവിൽ തേൻ മറ്റു മധുര പദാർത്ഥങ്ങൾ തൊട്ടു വയ്ക്കാറുണ്ട്. തേൻ അധികമായാൽ ശ്വാസ സംബന്ധിയായ അസുഖം മലമുറുകൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. വെള്ളത്തിനുപകരം ആയി മധുര പാനീയങ്ങൾ നൽകുന്നത് കാണാറുണ്ട്. ഇതിൽ പ്രകൃതിദത്തമായ യാതൊരു ഗുണങ്ങളും ഉണ്ടാവില്ലെന്ന് മാത്രമല്ല മാരകമായ രാസവസ്തുക്കൾ കൂട്ടിച്ചേർത്ത് ഉണ്ടാകുന്നതാണ്. മിക്കവയും കുഞ്ഞിന്റെ ദഹനവ്യവസ്ഥയെ കാര്യമായി ബാധിക്കുന്നു. കൂടാതെ പിസ, ബർഗർ, ചോക്ലേറ്റ്, ന്യൂഡിൽസ് ഇതൊക്കെയും കഴിക്കുന്ന കുഞ്ഞിന് മറ്റു ഭക്ഷണ വസ്തുക്കളോ വസ്തുക്കളോട് വിരക്തി തോന്നുന്നു, വായുടെ രുചി നഷ്ടപ്പെടുന്നു. കുഞ്ഞിന്റെ ആരോഗ്യത്തിനു അവശ്യമായ ഭക്ഷണങ്ങൾ ഉൾപെടുത്തി അനാരോഗ്യത്തിന് കാരണമായ ഭക്ഷണത്തെ അകറ്റി നിര്‍ത്തുക.

Leave a Comment